Monday, June 21, 2021

കുഞ്ഞു മാവിൻ ചുവട്ടിൽ...


കാസറഗോഡ് ഗവൺമെൻറ് കോളേജിലെ ഡിഗ്രി പ0ന കാലമാണ്. കളികളോടുള്ള ഭ്രമത്തോടൊപ്പം പഠനവും ചേർത്തു കൊണ്ടു പോകാനുള്ള വ്യഗ്രതയിൽ കലാലയത്തിൻ്റെ മറ്റു സാദ്ധ്യതകളിലേക്ക് എത്തിനോക്കാൻ ഞാൻ താത്പര്യപ്പെട്ടിരുന്നില്ല.


രാവിലെ ക്ലാസ്സിലെത്തിയാൽ ഉച്ചവരെ ക്ലാസ്സും ഉച്ചയ്ക്ക് ക്യാൻറീനിൽ നിന്ന് "ഉണ്ടക്കായി " , "ഇലയട " എന്നീ എന്തെങ്കിലും ലഘുഭക്ഷണം,പിന്നെ നാലു മണി വരെ കളി,വീട്ടിലെത്തി നേരം തെറ്റിയുള്ള ഊണ് പിന്നെ വീണ്ടും മൈതാനത്തിലേക്ക് സന്ധ്യയ്ക്ക് തിരികെ വന്ന് അൽപ്പം പOനവും.


കോളേജിൽ എനിക്ക് കൂട്ട് കമ്മിയായിരുന്നു..കേശവ ഭട്ടാണ് അടുത്ത സുഹ്യത്ത്.11.30 നുള്ള ഇൻ്റർവെൽ നേരത്ത് ഞങ്ങൾ കോളേജ് മുറ്റത്തെ കുഞ്ഞു മാവിൻ ചുവട്ടിൽ അൽപ്പനേരം സൊറ പറഞ്ഞിരിക്കുക പതിവാണ്.


അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പെൺകുട്ടി ഞങ്ങളെ നോക്കി മന്ദഹസിച്ചു കൊണ്ട് കോളേജിലേക് നടന്നു പോകുന്നു. മിഡിയാണ് ധരിച്ചിരിക്കുന്നത് മുടി ഇരുവശത്തേക്കും പിന്നായിട്ടിരിക്കുന്നു. കോളേജിലെ മറ്റ് സുന്ദരികളുമായി താരതമ്യമെടുത്തിയാൽ അത്ര സൗന്ദര്യം പോര എന്ന് പറയേണ്ടി വരും.പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ബാച്ചിലെ കുട്ടിയാണ്.തൊട്ടടുത്ത ദിവസവും ഞങ്ങൾ മാവിൻ ചോട്ടിലിരിക്കുമ്പോൾ ഇതാവർത്തിച്ചു.


ഞങ്ങളിലാരെ നോക്കിയാണ് ഈ കുട്ടി ചിരിക്കുന്നത് ?

കേശവഭട്ട് ആദ്യം തന്നെ പറഞ്ഞിരുന്നു. കക്ഷി ചിരിക്കുന്നത് എന്നോടാണെന്ന്.


ഇതറിയാനായി ഒരു ദിവസം കേശവ ഭട്ട് അൽപ്പം മാറി നിന്നു.അന്ന് പെൺകുട്ടി പതിവുപോലെ എന്നെ കടാക്ഷിച്ചതോടെ സംഭവം ഉറപ്പായി.ഇതോടെ കേശവ ഭട്ട് എന്നെ ഉപദേശിക്കാർ തുടങ്ങി.പേരെന്താണെന്ന് ചോദിക്കാനും പരിചയപ്പെടാനുമൊക്കെ.

സത്യം പറഞ്ഞാൽ എനിക്ക് അതിനുള്ള ഊർജ്ജമൊന്നും അന്ന് ഉണ്ടായിരുന്നില്ല. വലിയ ഒരു റിസ് കെടുക്കാനുള്ള ആവശ്യം എനിക്ക് തോന്നിയതുമില്ല.


കേശവ ഭട്ടിൻ്റെ ഉപദേശം ശാസാനയുടെ രൂപം പ്രാപിച്ചു. 


താനെന്തൊരു മനുഷ്യനാടോ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ എന്നുവരെയായി.


എന്നോട് ആ കുട്ടിക്ക് ആകർഷണം തോന്നാൻ എന്തായാരിക്കും കാരണം. എൻ്റെ രൂപവും സൗന്ദര്യവും എന്തായാലും അല്ല.നീണ്ട് മെലിഞ്ഞ എന്നെ പെൺകുട്ടികൾ, ഇഷ്ടപ്പെടില്ല എന്ന് ഞാൻ വിശ്വസിച്ചു.ഇനി ഞാൻ ക്രിക്കറ്റ് കളിക്കുമെന്ന അറിഞ്ഞിട്ടാകുമോ? ഏയ് അത് ആ കുട്ടിയറിയാൻ സാദ്ധ്യതയില്ല.ഇനി പരിഹസിച്ച് ചിരിക്കുകയായിരിക്കുമോ? അതോ ആ കാക്ക തമ്പുരാട്ടിക്ക് മറ്റാരെയും കിട്ടാത്തതു കൊണ്ട് എന്നെ പിടിയിട്ടതാണോ.എൻ്റെ ചിന്തകൾ കാടുകയാൻ തുടങ്ങി.പക്ഷെ എല്ലാ ദിവസവും പതിനൊന്നര മണിക്ക് ഈ രംഗം നിർബാധം തുടർന്നു.പുതുതായി ഒന്നും സംഭവിച്ചതുമില്ല.


ഒരു ദിവസം കക്ഷിയെ കാണാതായി.അന്ന് എന്തെങ്കിലും അസുഖമായതിനാൽ വരാത്തതായിരിക്കാമെന്ന് ഞാൻ കരുതി.എന്നാൽ തൊട്ടടുത്ത ദിവസവും അതിനടുത്ത ദിവസവും കാണാതായപ്പോൾ എനിക്ക് എന്തോ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. കേശവ ഭട്ടുമായി ഞാൻ ആശക പങ്കുവച്ചു.മൂപ്പര് പക്ഷെ വലിയ താത്പര്യം കാണിച്ചില്ല.


ഒന്നു പരിചയപ്പെടാൻ പോലും തയ്യാറാകാത്ത നിനക്കവളെവിടെപ്പോയാലെന്ത് ?

ഭട്ട് എന്നെകുത്തിനോവിക്കുകയാണ്.


ഇനി ക്ലാസ്സ് സമയം മാറിയിരിക്കുമോ? എന്തോ എൻ്റെ മനസ്സിൽ ആധിയായി.എല്ലാ ദിവസവും പ്രതീക്ഷയോടെ അവളുടെ കുണുങ്ങി കുണുങ്ങിയുള്ള വരവിനായി മാവിൻ ചുവട്ടിൽ ഞാനിരിക്കും. 


നീ പ്രതികരിക്കാത്തതിനാൽ അവൾ വേറെ വഴി നോക്കിക്കാണും. ഭട്ട് സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ പറഞ്ഞു. പ്രീ ഡിഗ്രി ക്ലാസ്സിലെ ഒന്നാം ദിവസം മുതൽ വിട്ടു പിരിയാത്ത സുഹുത്തായ ഭട്ടിനോട് എനിക്ക് നീരസം തോന്നിത്തുടങ്ങി. വിവരമൊന്നുമറിയാത്തതിനാൽ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.


ഒടുവിൽ അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.പ്രീഡിഗ്രി ക്ലാസ്സ് വരാന്തയിലൂടെ ഞാൻ അലഞ്ഞു നടന്നു.പണിക്കർ സാറിൻ്റെ മുന്നിൽ പെട്ടു .പൂവാലന്മാരെ പിടിക്കുന്നത് സാറിൻ്റെ ഒരു ഹോബിയാണ്. അദ്ദേഹം എന്നോട് കണ്ണുരുട്ടി തിരികെ നടക്കാൻ ആംഗ്യം കാട്ടിയതനുസരിച്ച് ഞാൻ തിരികെ നടന്നു.പണിക്കർ സാറിൻ്റെ മുന്നിൽ പെട്ട് ഇളിഭ്യരാകുന്ന പൂവാലന്മാരെ കളിയാക്കിയിരുന്ന എന്നെ ഞാൻ സ്വയം പഴിച്ചു. അവരുടെ വിഷമവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. 


അങ്ങനെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം ക്ലാസിൽ വൈകിയെത്തിയ ഭട്ട് എൻ്റെ ചെവിയിൽ ഓതി.കക്ഷി പ്രിൻസിപ്പാളിൻ്റെ റൂമിനു മുന്നിൽ നിൽക്കുന്നു. 


ആ ക്ലാസ്സ് കഴിഞ്ഞതോടെ ഞങ്ങൾ നേരെ പ്രിൻസിപ്പാളിൻ്റെ മുറിക്ക് സമീപത്തെത്തി. ശരിയാണ് അവൾ പുറത്തുള്ള ബെഞ്ചിൽ ഇരിക്കുകയാണ്.കൂടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളുമുണ്ട്. അകത്തുനിന്ന് ആരോ വിളിച്ചതനുസരിച്ച് രണ്ടുപേരും അകത്തേക്കു പോയി.


ഞങ്ങൾ കുഞ്ഞു മാവിൻ ചുവട്ടിൽ ചെന്നിരുന്നു. അൽപ്പ നേരം കഴിഞ്ഞപ്പോൾ അതാ അച്ഛനും മകളും പുറത്തിറങ്ങി വരുന്നു. ഞങ്ങളെ കണ്ട കക്ഷിയാതാ ഞങ്ങളെ ലക്ഷ്യം വച്ച് വരുന്നു.എന്തു ചെയ്യണമെന്നറിയതെ ഞങ്ങൾ ഇരുവരും എഴുന്നേറ്റു നിന്നു. എൻ്റെ കൈകാലുകളിൽ നേരിയ വിറയൽ അനുഭവപ്പെട്ടു.


അടുത്തെത്തി അവൾ വശ്യ സുന്ദരമായ ശബ്ദത്തിൽ മൊഴിഞ്ഞു. 


അച്ഛന് പാലക്കാട്ടേക്ക് ട്രാൻസ്ഫറായി. ഞാൻ കോളേജ് മാറുകയാണ്.ടി.സി. വാങ്ങാൻ വന്നതാണ്. പോട്ടേ ... 


ഇത്രയും പറഞ്ഞ് ധരിച്ചിരുന്ന പട്ടുപാവാടയുടെ ഇരു വശവും അകത്തിപ്പിടിച്ച് അവൾ അച്ഛനരികിലേക്ക് ഓടിപ്പോയി.


അതി മനോഹരമായ ഒരു പൂമ്പാറ്റ എന്നിൽ നിന്നും പറന്നകലുന്നതു പോലെ അന്നെനിക്ക് തോന്നി.


ഭട്ടിനൊപ്പം പിന്നെയും കുറേ കാലം ഞാനാ കുഞ്ഞു മാവിൻ ചുവട്ടിൽ ഇരുന്ന് സൊറ പറഞ്ഞിട്ടുണ്ടെങ്കിലും ആഗ്രഹിച്ചിട്ടു പോലും അത്തരം ഒരു സന്ദർഭം വീണു കിട്ടിയിരുന്നില്ല. ഇന്നും കോളേജിന് മുന്നിലുടെ യാത്ര ചെയ്യുമ്പോൾ ആ മാവിൻ ചുവട്ടിലേക്ക് ഒന്ന് കണ്ണോടിക്കാതിരിക്കാൻ എനിക്ക് കഴിയാറില്ല.

Saturday, June 12, 2021

 

 

അച്ഛാ അപ്പി ഇടാൻ പോട്ടേ .....

ഇതൊരു ഉറപ്പു വരുത്തലാണ്.കാര്യം സാധിച്ചു കഴിഞ്ഞാൽ കഴുകി കൊടുക്കാൻ ചെല്ലുമെന്ന ഉറപ്പ് അവന് വേണം.

ശരിയെന്ന് പറഞ്ഞത് ഞാൻ ഒന്നു കൂടി മനസ്സിലുറപ്പിച്ചു.ഞാൻ മറ്റ് ജോലികളിൽ മതിമറന്ന് പോകരുത്. അവൻ്റെ വിളിക്കായി കാതോർത്തിരിക്കണം.ഇല്ലെങ്കിൽ അവൻ ടോയ്ലറ്റിൽ കാത്തിരുന്ന് വിഷമിക്കും.

ഇക്കാര്യത്തിനുള്ള ഇത്രയുമേറെ പ്രാധാന്യം കൊടുക്കാൻ കാരണം എനിക്ക് കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള മറക്കാനാകാത്ത ഒരനുഭവമാണ്.

കുട്ടിക്കാലത്ത് ചിറ്റയുമായി (അമ്മയുടെ ഇളയ സഹോദരി ) നല്ല കൂട്ടായിരുന്നു. ദൂരെ കാസറഗോഡ് താമസിക്കുന്ന ഞങ്ങൾ കോട്ടയത്തെ വീട്ടിലെത്തുന്നത് ഒരാഘോഷമായിരുന്നു. കുടുംബത്തിലെ ആദ്യ സന്തതി.വീട്ടിൽ കറണ്ട് 

കിട്ടിയത് എന്നെ കാണിക്കാൻ വാരിയെടുത്ത് ഓരോ മുറികളിലെയും സ്വിച്ച് ഇട്ട് കാണിച്ചു തരുന്ന ചിറ്റ.ജോലി കിട്ടി മുവാറ്റുപുഴയിലും ആലുവയിലുമൊക്കെ പോയി മടങ്ങുമ്പോൾ എനിക്കായി കൊണ്ടുവരുന്ന കളിപ്പാട്ടങ്ങൾ. കാസറകോട്ടെ വിരസമായ ഏകാന്തതകളിൽ സ്നേഹത്തിൻ്റെ തൂലികയിൽ വരഞ്ഞിട്ട എഴുത്തുകൾ.

അങ്ങനെയിരിക്കെയാണ് ചിറ്റയുടെ വിവാഹം നിശ്ചയിക്കുന്നത്.മൂത്ത സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് എൻ്റെ പഠനം താത്കാലികമായി കോട്ടയത്തേക്ക് മാറ്റിയിരുന്നു.അതു കൊണ്ട് തന്നെ വീട്ടിലൊരു കല്യാണം നടക്കുന്നതിലെ പിരിമുറുക്കങ്ങൾ ഒരു ഏഴു വയസ്സുകാരൻ്റെ കണ്ണിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞു.പെണ്ണുകാണൽ,ഒരു തീരുമാനത്തിലെത്താനുള്ള കുടുംബാംഗങ്ങളുടെ ടെൻഷൻ.വിവാഹമെന്ന പറിച്ചുനടലിനെ ഭയന്ന് പത്തായ പെട്ടിയിൽ ചാരി നിന്ന് കണ്ണീരൊഴുക്കുന്ന ചിറ്റ.ക്ഷണകത്ത് വിതരണം .എല്ലാത്തിലും പങ്കാളിയായി ഞാനും. 

ഞാൻ പഠിച്ചിരുന്ന കാണക്കാരി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശിവശങ്കര പിള്ളയാണ് വരൻ. അമ്മാവൻ മേൽവിലാസമെഴുതിത്തന്ന കല്യാണക്കുറി ഞാനെൻ്റെ ക്ലാസ്സ് ടീച്ചർക്കും കൊടുത്തു. അവരുടെ സഹപ്രവർത്തകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിൻ്റെ ചേച്ചീടെ മകനാണ് ഞാനെന്ന് അവർ എന്നെ ചുണ്ടി പറയുന്നത് ഞാനഭിമാനത്തോടെ അനുഭവിച്ചു.എനിക്ക് പുത്തനുടുപ്പൊക്കെ ആയി വളളവശ്ശേരിയിലെ വീട്ടുമുറ്റത്ത് പന്തലൊരുങ്ങി.

വിവാഹദിനം സമാഗതമായി പന്തലിൽ തോരണങ്ങൾ കെട്ടി.നാല് കടലാസ് തൂണുകൾ കൊണ്ട് കതിർ മണ്ഡപം ഉണ്ടാക്കി.തൂവെള്ള വസ്ത്രം ധരിച്ച കൊച്ചച്ഛൻ്റെ കാൽ കിണ്ടിയിൽ നിന്ന് നനച്ച് ആനയിക്കുന്ന അമ്മാവൻ. ആദ്യമായിട്ടാണ് ഞാൻ ഒരു കല്യാണം കൂടുന്നത്. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. കല്യാണം കൂടാനെത്തിയ അദ്ധ്യാപകരെ ഞാൻ ഇടം കണ്ണിട്ട് നോക്കിക്കണ്ടു.ചെണ്ടും നാരങ്ങയും വിതരണത്തിന് ഞാനും ഉത്സാഹിച്ചു.വിവാഹം സമംഗളം പര്യവസാനിച്ചു.സദ്യയുടെ ആദ്യ പന്തിയിൽത്തന്നെ ഞാനുമിരുന്നു.

സദ്യയ്ക്ക് ശേഷമാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്. എനിക്ക് കലശലായ മുട്ടൽ കക്കൂസിൽ പോകണം.എനിക്ക് സ്വന്തമായി അതിനു കഴിയില്ല.ഉദ്ദേശ്യം 50 മീറ്റർ അകലെയാണ് ഓല കൊണ്ട് മറച്ച കക്കൂസ്.എനിക്ക് സ്വയം കഴുകാൻ അറിയില്ല.അതു കൊണ്ട് പരസഹായം വേണം. കോട്ടയത്തെത്തിയാൽ കഴുകിക്കുന്ന ചുമതല വല്യമ്മച്ചിക്കാണ്. 

ഒഴിവാക്കാൻ ഒരു നിവൃത്തിയുമില്ലെന്ന് കണ്ട ഞാൻ വല്യമ്മച്ചിയോട് കാര്യം പറഞ്ഞു.എന്നോട് പോയിക്കോളാൻ പറയുകയും കഴുകിക്കാൻ എത്തുമെന്നും പറഞ്ഞു.വല്യമ്മച്ചി പറഞ്ഞതനുസരിച്ച് ഞാൻ കക്കുസിലെത്തി കാര്യം സാധിച്ച് വല്യമ്മച്ചിയുടെ വരവിനായി കാത്തിരുന്നു. കല്യാണപുരയിലെ അതി നിർണ്ണായകമായ നിമിഷങ്ങളിൽ എന്നെ എല്ലാവരും മറന്നു. കഴുകാതെ നിക്കറിട്ട് പുറത്തിറങ്ങാൻ കഴിയാതെ ഞാൻ നിസ്സഹായനായി കക്കൂസിലിരുന്ന് കരഞ്ഞു.എത്ര നേരം കരഞ്ഞു എന്നെനിക്കോർമ്മയില്ല. രണ്ടു മണിക്കൂറെങ്കിലും ഞാൻ അവിടെ കഴിഞ്ഞു കാണണം.

ഒടുവിൽ കക്കൂസിലിരുന്ന് ആരോ കരയുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോഴാണ് വല്യമ്മച്ചിയ്ക്ക് എൻ്റെ കാര്യം ഓർമ്മ വന്നത്. പിന്നെ വല്യമ്മച്ചി ഒറ്റ ഓട്ടമായിരുന്നു.( സിനിമയാണെങ്കിൽ സ്ലോ മോഷനിൽ കാണിക്കാമായിരുന്നു.) കുത്തിയിരുന്ന് ക്ഷീണിച്ചവശനായി കരയുന്ന എന്നെ കഴുകിപ്പിച്ച് പിടിച്ചെഴുനേപ്പിച്ച് കെട്ടിപ്പിടിച്ച് ഉച്ചത്തിൽ നിലവിളിച്ച വല്യമ്മച്ചിയുടെ വാക്കുകൾ ഇന്നും ഞാൻ മറന്നിട്ടില്ല.

ചിറ്റേം കൊണ്ട് കൊച്ചച്ചൻ പോകുന്നത് കാണാൻ എൻ്റെ മോന് കഴിഞ്ഞില്ലല്ലോ ... കുറ്റബോധവും, വിഷമവും കലർന്ന ആ നിലവിളി വല്യമ്മച്ചിയെ കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിൽ തെളിയും.

കരഞ്ഞു കലങ്ങിയ കണ്ണുകളും വിട്ടുമാറത്ത ഏങ്ങലടിയുമായി വീട്ടിലെത്തിയപ്പോൾ കല്യാണപുര ഒഴിഞ്ഞിരുന്നു. വീട്ടുകാർ മാത്രമെ ഉള്ളൂ.

ചിറ്റ പോയതിൻ്റെ ശൂന്യത ഞാൻ തിരിച്ചറിഞ്ഞു.കല്യാണത്തിരക്കിൽ എല്ലാവരും എന്നെ മറന്നു.കൊച്ചച്ച നോടൊപ്പം കാറിൽ കയറുമ്പോൾ ചിറ്റ എന്നെ അന്വേഷിച്ചു കാണുമോ? അറിയില്ല.... ഞാനതു ചോദിച്ചിട്ടുമില്ല.

 സാരമില്ല സമയമുണ്ട് 

***********************

സുഗുണന് രാവിലെ പത്തുമണിയ്ക്കാണ്  അപോയിൻറ് മെൻറ് കിട്ടിയത് .രാവിലെ എഴുന്നേറ്റു. മുടി വെട്ടണം. ഷെയ്വു ചെയ്യണം.മുടിയും താടി രോമങ്ങളും വല്ലാതെ വളർന്നിരിക്കുന്നു.സാരമില്ല സമയമുണ്ട്.പിന്നെ ഷർട്ട് അയേൺ  ചെയ്യണം.സാരമില്ല സമയം ആവശ്യത്തിനുണ്ട്.ആരും ചെയ്തുതരാനില്ല ഒറ്റ തടിയാണ്.ഒറ്റ തടി പരമസുഖമെന്ന് പറയാമെങ്കിലും ഇതൊക്കെ ചെയ്തു തരാനാരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് അയാൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.ഏഴുമണിയ്ക്കാണ് ട്രെയിൻ ട്രെയിനൊക്കെ കൃത്യ സമയത്താണെന്ന് അയാൾ ഉറപ്പാക്കി.


പ്രഭാത  കർമ്മങ്ങളൊക്കെ കഴിഞ്ഞപ്പോഴാണ് പത്രം കിടക്കുന്നത് കണ്ടത്.ഒന്നോടിച്ചെങ്കിലുംനോക്കണ്ടെ.സയമുണ്ട്.പത്രം വായിച്ചെന്നുവരുത്തി അയാൾ ബാർബർ ഷാപ്പിലേയ്ക്ക് കുതിച്ചു.തലകുനിച്ച് മൂടിപുതച്ചിരുന്നപ്പോൾ സരസനായ ബാർബറുടെ തമിഴ് നാട്ടിലെ വിശേഷങ്ങൾ അയാൾക്ക് അരോചകമായിതോന്നി.മുടിവെട്ട് ഇന്നലെ ആകാമായിരുന്നു.ഇന്നലെ വൈകുന്നേരം പണിയൊന്നുമില്ലാതെ തേരാപാര നടന്നതാ.ഈ ശ്വാസം മുട്ടലൊഴിവാക്കാമായിരുന്നു.ഇനി കുളിക്കണം,അയേൺ ചെയ്യണം.ടൈറ്റാണ്.സാരമില്ല സമയമുണ്ട്.വളരെക്കാലമായി കണ്ടു മുട്ടിയ കുഞ്ഞിരാമൻ മാഷെ തിടുക്കമുണ്ടെന്നു പറഞ്ഞ് ഒഴിവാക്കി അയാൾ വീട്ടിലേയ്ക്ക് കുതിച്ചു.സമയം ഒന്നുകൂടി നോക്കി ഉറപ്പാക്കി.


കറണ്ടില്ല.അയേൺ ചെയ്യാൻ പറ്റാതാകുമോ.ഇല്ല കറണ്ട് വരാതിരിക്കില്ല.സമയമുണ്ട്.ഇന്നലെ അയേൺ ചെയ്ത് വച്ചാ മതിയായിരുന്നു.കറണ്ട് വന്നില്ലെങ്കിൽ ചുളിഞ്ഞ ഷർട്ടുമായി.ഈശ്വരാ.ഇല്ല കറണ്ട് വരും.കുളിച്ചെന്നു  വരുത്തി.


ഭാഗ്യം കറണ്ട് വന്നു.തേച്ച് മിനുങ്ങി പുറത്തിറങ്ങിയപ്പോഴാണ് പേഴ്സെടുക്കാൻ മറന്ന  കാര്യമോർത്തത്. സാരമില്ല സമയമുണ്ട്.പേഴ്സെടുത്ത് ബൈക്കിൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയ്ക്ക് മറ്റൊരു ബൈക്ക് യാത്രക്കാരൻ എന്തോ വിളിച്ചു പറയുന്നതു കേട്ടു സ്റ്റാൻറ് തട്ടിയിട്ടില്ല.ഹൊ എൻറെ കാര്യത്തിൽ  എന്തൊരു ശുഷ്കാന്തി. സ്വന്തം കാര്യം നോക്കിയാൽ പോരെ.


റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ അതാ  ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞു.സമയമായിട്ടില്ലല്ലോ.ഛെ.വാച്ച് സ്ലോ ആണോ.നിരാശനായി എല്ലാം തകർന്ന മട്ടിൽ നിൽക്കുന്ന സുഗുണനെ നോക്കി ഒരാൾ പറഞ്ഞു. അത് വൈകിവന്ന എക്സ്പ്രസ്സാണ്.ലോക്കൽ വരാനിരിക്കുന്നതേ ഉള്ളൂ.സുഗുണന് ആശ്വാസമായി.എന്നാലും വണ്ടി എത്താൻ പത്തു പതിനഞ്ച് മിനുട്ടെടുക്കും.ഏതായാലും ചായ കുടിക്കാമെന്ന് കരുതി സുഗുണൻ ടീ സ്റ്റാളിൽ കയറിഒരു ബണ്ണും ചായയും ധൃതിയിലകത്താക്കി.


വണ്ടിയിൽ കയറിയ സുഗുണൻ സമയം നോക്കി സാരമില്ല സമയത്തിനു മമ്പ് തന്നെയെത്തും.രണ്ടു സ്റ്റേഷൻ കഴിഞ്ഞില്ല  അതാ വണ്ടി പിടിച്ചിടുന്നു.ആരോ വിളിച്ചു പറഞ്ഞു വീക്ക്ലി സൂപ്പർ ഫാസ്റ്റ് പോയിട്ടേ പോകൂ.കാലക്കേട്. സുഗുണൻ സ്വയം പരിതപിച്ചു.അയാൾക്ക് തന്നോടു തന്നെ വെറുപ്പ് തോന്നി.അൽപം നേരത്തെ കാലത്തെ ഇറങ്ങാൻ മേലായിരുന്നോ  ചെറ്റേ.ഇന്ന് സമയം വൈകിയതു തന്നെ.സമയം പാലിക്കാത്തയാളെന്ന് ഇന്ന് പലരും വിധിയെഴുതും.അയാൾ മൊബൈൽ ഫോണിലഭയം തേടി.കുശലം പറഞ്ഞ സുഹൃത്തുക്കളെ അയാൾ അവഗണിച്ചു.സുഗുണൻറെ വണ്ടിയെ കടത്തി ചീറിപാഞ്ഞ സൂപർഫാസ്റ്റിനെ കണ്ട് സുഗുണൻ കൂടുതൽ അസ്വസ്ഥനായി.ഒരായിരം കടന്നലുകൾ തൻറെ ചെവിയിൽ കയറിയതായി അയാൾക്ക് തോന്നി.വലിയതാമസമില്ലാതെ വണ്ടി വിട്ടു.

വലിയ താമസമില്ലാതെ സുഗുണൻ ലക്ഷ്യത്തിലെത്തി.റിസ്കെടുക്കാൻ നിൽക്കാതെ ഒരു ഓട്ടോ പിടിച്ച് കൺവെൻഷൻ സെൻററിലെത്തി.


എല്ലാവരും പതിയെ എത്തുന്നതേ ഉള്ളൂ.പത്തു മണിയ്ക്ക് കൂടിക്കാഴ്ച വച്ചതാണെങ്കിലും മിനിസ്റ്ററുടെ പരിപാടി നടക്കുന്നതിനാൽ അൽപം വൈകിയേ പരിപാടി നടക്കൂ എന്നാരോ അറിയിച്ചു.


സുഗുണൻ ആലോചിച്ചു.ഹോ !!! താൻ രാവിലെ മുതൽ അനുഭവിച്ചതൊക്കെ വെറുതെ.


എന്നാൽ പാവം സുഗുണൻ ഇതൊക്കെ അൽപം മുന്നൊരുക്കമുണ്ടെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രശ്നങ്ങളാണെന്നു മാത്രം ചിന്തിച്ചില്ല.ഇതിനു മുമ്പ് പല ദിവസങ്ങളിലും സുഗുണൻ ഇതു പോലെ വേവലാതി പിടിച്ചോടുന്നതു കണ്ടിട്ടുണ്ട്.അതേ പോലെ ഇനിയും ഇത്തരം അവസ്ഥയിൽ സുഗുണനെ കാണും.കാരണം സമയമുണ്ടെന്നു പറഞ്ഞ് പലതും മാറ്റിവയ്ക്കുന്നത് പലരുടെയും സ്വഭാവമാണ്.

 ഇന്ന് ലോക പുകയില വിരുദ്ധ

ദിനം -പുകവലിച്ച് ലഹരിയുടെ ഉന്മാദ

തീരങ്ങളിലെത്താന്‍ കൊതിക്കുന്ന മനുഷ്യര്‍. മനുഷ്യന്‍റെ അദ്ഭുതപ്പെടുത്തുന്ന ഓരോ

കണ്ടു പിടിത്തങ്ങള്‍ .ബീഡി സിഗരറ്റ്...ഹുക്ക....പുക വലിച്ചെടുത്ത്

പുറത്തുവിടുമ്പോഴുള്ള അ വാച്യമായ അനുഭൂതി.മൂക്കിലൂടെ പുകവിട്ട്,വായിലൂടെ

മേഘശഘലങ്ങള്‍ പോലെ അന്തരീക്ഷത്തിലേയ്ക്ക് നീന്തിതുടിക്കുന്ന പുക, തള്ള വിരലിനും

ചൂണ്ടു വിരലും കൊണ്ട് പിടിച്ച് തീയുള്ള അറ്റം കൈപത്തികൊണ്ട് മറച്ച് രഹസ്യമായി വലിച്ച്

താനൊരു സാധാരക്കാരനല്ല എന്ന് അടിവരയിടുന്നവര്‍.പൊതു സ്ഥലത്ത് അഭിമാനത്തോടെ,

ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍,വച്ച് തെല്ല് അഹങ്കാരത്തോടെ വലിക്കുന്നവര്‍,പൊതു

സ്ഥലത്ത് മറ്റുള്ളവരുടെ മുഖത്തേയ്ക്ക് പുക ഊതിവിടുന്ന ഊച്ചാളികള്‍ കുട്ടികളെ വിവിധ രീതിയില്‍ പുകവിട്ട്

അദ്ഭുതപ്പെടുത്തുന്നവര്‍.ഭക്ഷണത്തിനു ശേഷം വലിയ്ക്കുന്നവര്‍ ഭക്ഷണത്തിനു മുമ്പ്

വലിക്കേണ്ടവര്‍ ഉറങ്ങാന്‍, വലിക്കുന്നവര്‍ ഉണര്‍ന്ന  ഉടന്‍ വലിക്കുന്നവര്‍,കക്കുസില്‍,പോകാന്‍

വലിക്കുന്നവര്‍,കുരച്ച് കുരച്ച് ചാകാറായെങ്കിലും വാശിയോടെ വലിക്കുന്നവര്‍ അങ്ങനെ

പുകവലിയുടെ കാഴ്ചകള്‍ പലവിധം.എന്താണ് യഥാര്‍ത്ഥത്തില്‍, ഈ വലി.വലിയ്ക്കുന്നതു കൊണ്ട് വലിയ്ക്കുന്നയാള്‍ക്ക്

എന്താണ് ലഭിക്കുന്നത്.ഭൂമിയില്‍ ഏറ്റവും ബുദ്ധിമാനായ ജന്തു മനുഷ്യനാണ്.എന്നാല്‍

തന്‍റെ ജീവനും സുരക്ഷയ്ക്കും ഹാനികരമാകുന്ന കാര്യങ്ങളിലേയ്ക്ക് എത്തിപെടാനുള്ള ത്വരതന്നെയാണ് അവന്‍റെ  

പ്രത്യേകത. അവന്‍,പുതിയ പുതിയ തലങ്ങള്‍ അന്വേഷിച്ച്

നടക്കുകയാണ്.മദ്യപാനം,പുകവലി,അമിതമായ ഭക്ഷണം,എണ്ണയില്‍, വറുത്ത ഭക്ഷണം,വിഷലിപ്തമായ

ഭക്ഷണപദാര്‍ത്ഥങ്ങള്‍,മധു,ഇതര ലഹരി പദാര്‍ത്ഥങ്ങള്‍,-ഇവയില്‍ നിന്ന് ലഭിക്കുന്ന

താത്കാലിക സുഖത്തിനായി അവന്‍ തന്‍റെ ജീവന്‍, തന്നെ പണയപ്പെടുത്തുന്നു.പറഞ്ഞുവരുമ്പോള്‍ ഞാനും ഒരു പുകവലിക്കാരനായിരുന്നു.എന്തിനാണ് ഞാന്‍ ഒരു

പുകവലിക്കാരനായത്.പിന്നീടെന്തിനാണ് ഞാനത് ഒഴിവാക്കായത്.അതില്‍ യാതൊരു സുഖവും

ലഭിക്കുന്നില്ല എന്ന തിരിച്ചറിവു തന്നെയാണ് എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചത്.എനിയ്ക്ക് ഉന്മേഷം പകരുവാനോ സന്തോഷം

പകരുവാനോ അത് ഉപകരിച്ചില്ല.പകരം ചാരവും പുകയും ഭൂമിയ്ക്ക് സമ്മാനിച്ചുകോളേജില്‍, പഠിക്കുന്ന കാലം,നാട്ടിലെ ടീമിനുവേണ്ടിയും കോളേജ് ടീമിനുവേണ്ടിയും

സജീവമായി ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന കാലം.എന്നാല്‍ കോളേജിലും നാട്ടിലും നല്ല കുട്ടി എന്ന ഒരു പരാമര്‍ശം എന്നെകുറിച്ചുണ്ടായിരുന്നു.ഇത്

എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.ആരും എന്നോട് ഒരു തമാശ പോലും

പറയില്ല.പലരും രസകരമായ കാര്യങ്ങള്‍ പരസ്പരം ചെവിയില്‍, പറഞ്ഞ് ചിരിക്കുന്നു.എന്‍റെ

ക്ലാസ്സ് മേറ്റ് പുരുഷന്മാരര്‍, എല്ലവരും വലിക്കുമായിരുന്നു. കോളേജിലെ സഹക്രിക്കറ്റ് കളിക്കാര്‍ നന്നായി മദ്യപിക്കും.തലശ്ശേരിയില്‍,ഇന്റിര്‍,കോളേജിയറ്റ്

മത്സരത്തിന് തലേന്ന് എല്ലാവരും മദ്യപിക്കും.പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന

പ്രദീപന്‍,പോലും മദ്യപിച്ച് വഷളത്തരം പറഞ്ഞ് കൈയ്യടി നേടി.അവരൊക്കെ

ആസ്വദിക്കുന്നു.എന്നാലെന്താ നന്നായി പഠിക്കുന്നു,നന്നായി കളിക്കുന്നു,പെണ്‍കുട്ടികളോട്

സല്ലപിക്കുന്നു.എന്നെ ഏറെ വിഷമിപ്പിച്ചത് ക്ലാസ്സിലെ സുന്ദരിയായ സുനന്ദ

ഷാജിയോടുതമാശ രൂപത്തില്‍ എന്നെ വഴിതെറ്റികരുതെന്ന്

പറഞ്ഞ് ചിരിച്ചതാണ്.ഒരു പ്രത്യേക രീതിയിലാണ് പെണ്‍കുട്ടികള്‍, പോലും എന്നെ

കണ്ടിരുന്നത് ഞാന്‍ പാവമാണുപോലും.ഒറ്റപെടുന്നതായി എനിയ്ക്ക് തോന്നി.അങ്ങനെ

എന്തെങ്കിലുമൊക്കെ ശീല(ദു) എനിയ്ക്കും വേണമെന്ന് തോന്നിതുടങ്ങി.അങ്ങനെ സ്പെഷ്യല്‍

ക്ലാസ്സുള്ള ഒരു ദിവസം കൈവെള്ളയുടെ സുരക്ഷിത വലയത്തില്‍,കത്തിച്ച സിഗരറ്റുമായി

ഞാന്‍ ആരംഭിച്ചു.ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചു.ഞാന്‍ വലിക്കുന്നത് കണ്ട്

കൂട്ടുകാര്‍ എനിയ്ക്ക് നേരത്തെ വലിയ്ക്കുന്ന ശീലമുണ്ടെന്നും ഞാന്‍,കേമനാണെന്ന് അഭിപ്രായപെട്ടത് എനിയ്ക്ക് സന്തോഷം പകര്‍ന്നു. .പെണ്‍കുട്ടികള്‍, എന്‍റെ ശീലം

കണ്ടുപിടിയ്ക്കണമെന്ന് ഞാനാഗ്രഹിച്ചു.എല്ലാവരുമൊത്ത് വലിയ്ക്കുന്ന ആ അവസരത്തിനായി

ഞാന്‍ കാത്തിരുന്നു.ദിവസവും ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം ഒരു വലി

ശീലമായി.കൂട്ടുകാരുടെ ഇടയില്‍ അംഗീകാരമെന്നതിലുപരി യാതൊരു സന്തോഷവും എനിയ്ക്ക്

ലഭിക്കുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞത് എനിയ്ക്ക്

വലിയ്ക്കാനറിയാത്തതു കൊണ്ടാണെന്ന് അവര്‍ വിലയിരുത്തി.എന്‍റെ വലി നാട്ടിലുമെത്തി

ഓരോ ആഴ്ചയിലും ഓരോ പ്രദേശത്തായി നടക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍, ഓരോ

വിജയത്തിനുശേഷവും ഒരു സിഗററ്റ്,പരാജയപ്പെട്ടാല്‍ വിഷമമകറ്റാന്‍ ഒരു സിഗരറ്റ്.എനിയ്ക്ക്

യാതൊരു സംതൃപ്തിയും ലഭിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാന്‍ ഞാന്‍,വലി

തുടര്‍ന്നുകൊണ്ടേയിരുന്നു.ഇതു കണ്ടെത്തിയ ഞാന്‍ നല്ല കുട്ടിയാണെന്ന് നേരത്തെ അഭിപ്രായപ്പെട്ട

പലരും എന്നെ ഉപദേശിച്ചു.ഒരു പ്രതികാരം ചെയ്ത തൃപ്തിയോടെ ലെ

ഞാനവരെ നോക്കി പുഞ്ചിരിച്ചു.നല്ല കുട്ടി എന്ന ചീത്തപേര് ഒഴിവാക്കാനുള്ള എന്‍റെ

ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതിനിടയില്‍ ചില വളിച്ച തമാശകളും ഞാന്‍ പഠിച്ചു

വച്ചിരുന്നു.അവസാനം 1992 മെയ് 31 ലെ മാതൃഭൂമി ദിന പത്രത്തിലെ ഫീച്ചര്‍ വായിച്ചതോടെ ഞാന്‍,

വലി നിര്‍ത്താന്‍ തീരുമാനിച്ചു.അന്നാണ് ഞാന്‍, അവസാനമായി പുകവലിച്ചത്.ചിന്മയ മിഷന്‍

സ്കൂളില്‍, ജോലി കിട്ടി ആദ്യ സ്റ്റാഫ് മീറ്റിംഗിനു ശേഷം,ഒരു ചായ അകത്താക്കി സഹ

അദ്ധ്യാപകരുടെ മുമ്പില്‍ മോശമാകാതിരിക്കാന്‍ ഒരു വലി.അന്നത്തെ പത്രത്തില്‍

ഞാനെന്താണ് വായിച്ചതെന്ന് എനിയ്ക്ക് ഓര്മ്മകയില്ലെങ്കിലും എന്‍റെ മനസ്സിലെ തെറ്റായ

ധാരണകള്‍, നീക്കാന്‍ അതുപകരിച്ചു.ഭൂമിയിലെ ജീവിതം എത്രകണ്ട് ദുഷ്കരമാണെങ്കിലും അതിനെ ആനന്ദപൂര്‍ണ്ണമാക്കാനുള്ള

എല്ലാ വിഭവങ്ങളും ഈ ഭൂമിയിലുണ്ട്.അതിനെ കണ്ടെത്തി ഭൂമിയെ സ്വര്ഗ്ഗ മാക്കിമാറ്റുന്നതിന് ശ്രമിക്കാതെ സ്വയം നശിപ്പിക്കാനുള്ള പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

Friday, June 11, 2021

അച്ഛനോളമായപ്പോൾ

 അന്ന് രാവിലെ എനിക്ക് എന്തെന്നില്ലാത്ത വാശിയായിരുന്നു.സ്കൂളിൽ പോകില്ലെന്ന് ഞാൻ പ്രഖ്യാപിച്ചു.വെറുതെ പറയുകയായിരിക്കുമെന്ന് കരുതി ആരും അത് കാര്യമായി എടുത്ത് കാണില്ല.തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഗ്രേസി ടീച്ചറോടൊപ്പമാണ് ഞാൻ സ്കൂളിൽ പോകാറ്.സമയമായപ്പോൾ ഞാനെൻറെ നിലപാട് ഒന്നും കൂടി കടുപ്പിച്ചു. എന്നാൽ നിർബന്ധപൂർവ്വം പുസ്തകസഞ്ചി എൻറെ കൈയ്യിലേൽപിച്ചു ടീച്ചറോടൊപ്പം എന്നെ പറഞ്ഞയച്ചു.സ്കൂളിൽ പോകാനുള്ള എൻറെ മടി കണ്ടിട്ടാവണം അച്ഛൻ കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് പുറകെ വരുന്നുണ്ട്.ഗെയിറ്റ് കഴിഞ്ഞ് പാറപുറത്തെത്തിയപ്പോൾ പരാജയപെടുന്നുവെന്ന ബോദ്ധ്യം എന്നെ ആക്രമണോത്സുകനാക്കി.കൈയ്യിലിരുന്ന സഞ്ചി ഞാൻ വലിച്ചെറിഞ്ഞു.ഒന്നാം തരം പാഠാവലിയും സ്ലെയിറ്റും കല്ലു പെൻസിലും പാറപുറത്ത് ചിതറിവീണു.ടീച്ചർ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നപ്പോൾ കണ്ടുനിന്ന അച്ഛൻ ഓടിവന്ന് എന്നെ തലങ്ങും വിലങ്ങും അടിതുടങ്ങി.അടിയുടെ ചൂട് നാൽപതിലേറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും ഞാൻ മറന്നിട്ടില്ല.ആ പാറപുറവും പരിസരവും ഇന്നും വ്യക്തമായി എൻറെ മനസിലുണ്ട്.ടീച്ചർ ഒരുവിധത്തിൽ എന്നെ പിടിച്ചുമാറ്റി.അടുത്ത വളപ്പിൽ പുല്ലരിയാൻ വന്ന ചോയിച്ചിയും കൃഷ്ണനും ലക്ഷം വീട്ടിലെ അന്തേവാസികളും എൻറെ നിലവിളി കേട്ട് ഓടിക്കൂടി.അച്ഛൻ ആജ്ഞാപിച്ചതനുസരിച്ച് ഞാൻ തന്നെ സ്ലെയിറ്റും പുസ്തകവും എടുത്ത് ടീച്ചറോടൊപ്പം ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് സ്കൂളിലേയ്ക്ക് യാത്രയായി.

അന്ന് ഉച്ചയ്ക്ക് ചോറുണ്ണാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ ജനാലയിലുടെ എന്നെയും നോക്കി നിൽകുകയാണ്.പതിവായി രാത്രി വളരെ വൈകിമാത്രം വീട്ടിലെത്താറുള്ള അച്ഛൻ അന്ന് ഉച്ചയ്ക് തന്നെ വീട്ടിലെത്തിയതെന്തിനാണെന്ന് അന്ന് എനിക്ക് മനസിലായിരുന്നില്ല.ഇന്ന് അച്ഛനോളമായപ്പോഴാണ് എനിയ്ക് അത് ശരിക്കും മനസിലായത്.(ചിത്രം കടപാട് പത്മനാഭൻ ബ്ലാത്തുർ)