Saturday, June 12, 2021

 സാരമില്ല സമയമുണ്ട് 

***********************

സുഗുണന് രാവിലെ പത്തുമണിയ്ക്കാണ്  അപോയിൻറ് മെൻറ് കിട്ടിയത് .രാവിലെ എഴുന്നേറ്റു. മുടി വെട്ടണം. ഷെയ്വു ചെയ്യണം.മുടിയും താടി രോമങ്ങളും വല്ലാതെ വളർന്നിരിക്കുന്നു.സാരമില്ല സമയമുണ്ട്.പിന്നെ ഷർട്ട് അയേൺ  ചെയ്യണം.സാരമില്ല സമയം ആവശ്യത്തിനുണ്ട്.ആരും ചെയ്തുതരാനില്ല ഒറ്റ തടിയാണ്.ഒറ്റ തടി പരമസുഖമെന്ന് പറയാമെങ്കിലും ഇതൊക്കെ ചെയ്തു തരാനാരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് അയാൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.ഏഴുമണിയ്ക്കാണ് ട്രെയിൻ ട്രെയിനൊക്കെ കൃത്യ സമയത്താണെന്ന് അയാൾ ഉറപ്പാക്കി.


പ്രഭാത  കർമ്മങ്ങളൊക്കെ കഴിഞ്ഞപ്പോഴാണ് പത്രം കിടക്കുന്നത് കണ്ടത്.ഒന്നോടിച്ചെങ്കിലുംനോക്കണ്ടെ.സയമുണ്ട്.പത്രം വായിച്ചെന്നുവരുത്തി അയാൾ ബാർബർ ഷാപ്പിലേയ്ക്ക് കുതിച്ചു.തലകുനിച്ച് മൂടിപുതച്ചിരുന്നപ്പോൾ സരസനായ ബാർബറുടെ തമിഴ് നാട്ടിലെ വിശേഷങ്ങൾ അയാൾക്ക് അരോചകമായിതോന്നി.മുടിവെട്ട് ഇന്നലെ ആകാമായിരുന്നു.ഇന്നലെ വൈകുന്നേരം പണിയൊന്നുമില്ലാതെ തേരാപാര നടന്നതാ.ഈ ശ്വാസം മുട്ടലൊഴിവാക്കാമായിരുന്നു.ഇനി കുളിക്കണം,അയേൺ ചെയ്യണം.ടൈറ്റാണ്.സാരമില്ല സമയമുണ്ട്.വളരെക്കാലമായി കണ്ടു മുട്ടിയ കുഞ്ഞിരാമൻ മാഷെ തിടുക്കമുണ്ടെന്നു പറഞ്ഞ് ഒഴിവാക്കി അയാൾ വീട്ടിലേയ്ക്ക് കുതിച്ചു.സമയം ഒന്നുകൂടി നോക്കി ഉറപ്പാക്കി.


കറണ്ടില്ല.അയേൺ ചെയ്യാൻ പറ്റാതാകുമോ.ഇല്ല കറണ്ട് വരാതിരിക്കില്ല.സമയമുണ്ട്.ഇന്നലെ അയേൺ ചെയ്ത് വച്ചാ മതിയായിരുന്നു.കറണ്ട് വന്നില്ലെങ്കിൽ ചുളിഞ്ഞ ഷർട്ടുമായി.ഈശ്വരാ.ഇല്ല കറണ്ട് വരും.കുളിച്ചെന്നു  വരുത്തി.


ഭാഗ്യം കറണ്ട് വന്നു.തേച്ച് മിനുങ്ങി പുറത്തിറങ്ങിയപ്പോഴാണ് പേഴ്സെടുക്കാൻ മറന്ന  കാര്യമോർത്തത്. സാരമില്ല സമയമുണ്ട്.പേഴ്സെടുത്ത് ബൈക്കിൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയ്ക്ക് മറ്റൊരു ബൈക്ക് യാത്രക്കാരൻ എന്തോ വിളിച്ചു പറയുന്നതു കേട്ടു സ്റ്റാൻറ് തട്ടിയിട്ടില്ല.ഹൊ എൻറെ കാര്യത്തിൽ  എന്തൊരു ശുഷ്കാന്തി. സ്വന്തം കാര്യം നോക്കിയാൽ പോരെ.


റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ അതാ  ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞു.സമയമായിട്ടില്ലല്ലോ.ഛെ.വാച്ച് സ്ലോ ആണോ.നിരാശനായി എല്ലാം തകർന്ന മട്ടിൽ നിൽക്കുന്ന സുഗുണനെ നോക്കി ഒരാൾ പറഞ്ഞു. അത് വൈകിവന്ന എക്സ്പ്രസ്സാണ്.ലോക്കൽ വരാനിരിക്കുന്നതേ ഉള്ളൂ.സുഗുണന് ആശ്വാസമായി.എന്നാലും വണ്ടി എത്താൻ പത്തു പതിനഞ്ച് മിനുട്ടെടുക്കും.ഏതായാലും ചായ കുടിക്കാമെന്ന് കരുതി സുഗുണൻ ടീ സ്റ്റാളിൽ കയറിഒരു ബണ്ണും ചായയും ധൃതിയിലകത്താക്കി.


വണ്ടിയിൽ കയറിയ സുഗുണൻ സമയം നോക്കി സാരമില്ല സമയത്തിനു മമ്പ് തന്നെയെത്തും.രണ്ടു സ്റ്റേഷൻ കഴിഞ്ഞില്ല  അതാ വണ്ടി പിടിച്ചിടുന്നു.ആരോ വിളിച്ചു പറഞ്ഞു വീക്ക്ലി സൂപ്പർ ഫാസ്റ്റ് പോയിട്ടേ പോകൂ.കാലക്കേട്. സുഗുണൻ സ്വയം പരിതപിച്ചു.അയാൾക്ക് തന്നോടു തന്നെ വെറുപ്പ് തോന്നി.അൽപം നേരത്തെ കാലത്തെ ഇറങ്ങാൻ മേലായിരുന്നോ  ചെറ്റേ.ഇന്ന് സമയം വൈകിയതു തന്നെ.സമയം പാലിക്കാത്തയാളെന്ന് ഇന്ന് പലരും വിധിയെഴുതും.അയാൾ മൊബൈൽ ഫോണിലഭയം തേടി.കുശലം പറഞ്ഞ സുഹൃത്തുക്കളെ അയാൾ അവഗണിച്ചു.സുഗുണൻറെ വണ്ടിയെ കടത്തി ചീറിപാഞ്ഞ സൂപർഫാസ്റ്റിനെ കണ്ട് സുഗുണൻ കൂടുതൽ അസ്വസ്ഥനായി.ഒരായിരം കടന്നലുകൾ തൻറെ ചെവിയിൽ കയറിയതായി അയാൾക്ക് തോന്നി.വലിയതാമസമില്ലാതെ വണ്ടി വിട്ടു.

വലിയ താമസമില്ലാതെ സുഗുണൻ ലക്ഷ്യത്തിലെത്തി.റിസ്കെടുക്കാൻ നിൽക്കാതെ ഒരു ഓട്ടോ പിടിച്ച് കൺവെൻഷൻ സെൻററിലെത്തി.


എല്ലാവരും പതിയെ എത്തുന്നതേ ഉള്ളൂ.പത്തു മണിയ്ക്ക് കൂടിക്കാഴ്ച വച്ചതാണെങ്കിലും മിനിസ്റ്ററുടെ പരിപാടി നടക്കുന്നതിനാൽ അൽപം വൈകിയേ പരിപാടി നടക്കൂ എന്നാരോ അറിയിച്ചു.


സുഗുണൻ ആലോചിച്ചു.ഹോ !!! താൻ രാവിലെ മുതൽ അനുഭവിച്ചതൊക്കെ വെറുതെ.


എന്നാൽ പാവം സുഗുണൻ ഇതൊക്കെ അൽപം മുന്നൊരുക്കമുണ്ടെങ്കിൽ ഒഴിവാക്കാമായിരുന്ന പ്രശ്നങ്ങളാണെന്നു മാത്രം ചിന്തിച്ചില്ല.ഇതിനു മുമ്പ് പല ദിവസങ്ങളിലും സുഗുണൻ ഇതു പോലെ വേവലാതി പിടിച്ചോടുന്നതു കണ്ടിട്ടുണ്ട്.അതേ പോലെ ഇനിയും ഇത്തരം അവസ്ഥയിൽ സുഗുണനെ കാണും.കാരണം സമയമുണ്ടെന്നു പറഞ്ഞ് പലതും മാറ്റിവയ്ക്കുന്നത് പലരുടെയും സ്വഭാവമാണ്.

No comments:

Post a Comment